പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്ത് വരുമ്പോൾ മറ്റ് പാർട്ടികളെ ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് കുതിക്കുകയാണ്. ഇതുവരെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 75 ശതമാനത്തിൽ അധികവും തൃണമൂല്‍ കോണ്‍ഗ്രസാണ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് സമിതി സീറ്റുകളില്‍ 98 ശതമാനവും തൃണമൂലിനാണ് മേല്‍ക്കൈ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
നിലവിൽ പുറത്ത് വരുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് വെല്ലുവിളിയില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കിഴക്കന്‍ മിഡ്നാപൂര്‍, അലിപുര്‍ദ്വാര്‍ തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരം തൃണമൂലിന് നേരിടേണ്ടി വന്നാലും 20 ജില്ലാ പരിഷത്തുകളില്‍ ഒന്നുപോലും നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് നിലവിലെ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിൽ പറയാൻ കഴിയുക.
ആകെയുള്ള 63229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 34359 ഇടത്ത് തൃണമൂല്‍ കോൺഗ്രസ് ഇതിനോടകം വിജയിച്ച് കഴിഞ്ഞു. 900 ൽ അധികം സീറ്റുകളിൽ വ്യക്തമായ ലീഡും ടി.എം.സിക്കുണ്ട്. ബി ജെ പി 9545 സീറ്റില്‍ വിജയിക്കുകയും 180 സീറ്റിൽ സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. 2885 സീറ്റുകളിൽ വിജയിച്ച സിപിഎം 96 ഓളം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 2498 സീറ്റുകളില്‍ വിജയം നേടുകയും 72 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്.
9728 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 6134 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോടകം ജയിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ . 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട് . ബിജെപി 939 സീറ്റുകളില്‍ വിജയിച്ചപ്പോൾ 149 സീറ്റുകളില്‍ ലീഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്. സിപിഎം 165 സീറ്റുകളിലാണ് വിജയിച്ചത്. 14 സീറ്റുകളിൽ ഇപ്പോൾ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 244 സീറ്റുകളില്‍ വിജയിക്കുകയും 7 സീറ്റുകളില്‍ ലീഡും ചെയ്യുന്നുമുണ്ട്. മമത ബാനർജി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധത, ഭരണകക്ഷി നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചരണായുധമാക്കിയിരുന്നത്. എന്നാൽ അതൊന്നും തന്നെ ജനങ്ങൾക്കിടയിൽ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല എന്നതാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഫലങ്ങൾ വ്യക്തമാക്കുന്നത്.
2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോൺഗ്രസിനെതിരായ വികാരം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതായിരുന്നു ബി ജെ പിയുടെ ലക്ഷ്യം.അതേസമയം തൃണമൂലിനും ബിജെപിക്കുമെതിരായ ബദല്‍ എന്ന നിലയിലാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടായി ഇത്തവണ കളത്തിലിറങ്ങിയത്. ഭരണ വിരുദ്ധത ഉണ്ടായിരുന്നെങ്കിലും അത് വോട്ടാക്കി മാറ്റാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. മമതക്ക് വോട്ടില്ല എന്ന പ്രതിപക്ഷ പ്രചരണത്തെ മമതയ്ക്ക് വോട്ട് ചെയ്യുക എന്നാക്കി മാറ്റിയതിന് ജനങ്ങളോട് നന്ദി പറയുന്നു എന്നാണ് വിജയത്തിന് പിന്നാലെ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞത്.