പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പ്രതിപക്ഷ പാർട്ടികളെ ഏറെ പിന്നിലാക്കി തൃണമൂൽ കോൺഗ്രസ് തങ്ങളുടെ സമഗ്രാധിപത്യം തുടരുകയാണ്. ഇതുവരെ പുറത്ത് വന്ന ഫലം അനുസരിച്ച് 42,097 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം നേടിയിട്ടുണ്ട് . 9,223 സീറ്റുകളില്‍ ബിജെപിയും 3,021 സീറ്റുകളില്‍ സിപിഐഎമ്മും 2,430 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളേയും നിഷ്പ്രഭമാക്കിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം. ജില്ല പരിഷത്തുകളും പഞ്ചായത്ത് സമിതികളും തൃണമൂല്‍ തൂത്തുവാരി.
വോട്ടെണ്ണല്‍ ദിനത്തില്‍ സൗത്ത് 24 പര്‍ഗാനയിലെ ഭങ്കോറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ട് ഐഎസ്എഫ് പ്രവര്‍ത്തകരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. അഡീഷണല്‍ എസ്പിക്കും സുരക്ഷ ഉദ്യോഗസ്ഥനും സംഘര്‍ഷത്തില്‍ വെടിയേറ്റു. ഐഎസ്എഫ് പ്രവര്‍ത്തകര്‍ ഭങ്കോറില്‍ വീണ്ടും വേട്ടെണ്ണല്‍ ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷങ്ങളെ അപലപിച്ച കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി തിരഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്ന് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍ പരിശോധിക്കാന്‍ ബിജെപി നിയോഗിച്ച രവിശങ്കര്‍ പ്രസാദ് അധ്യക്ഷനായ വസ്തുതാന്വേഷണ സമിതി ബംഗാളില്‍ തെളിവെടുപ്പ് നടത്തി.