ബംഗ്ലദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകുന്നില്ല ; നിലപാട് കടുപ്പിച്ച് ത്രിപുര സർക്കാർ

Update: 2024-12-03 09:22 GMT

ബംഗ്ലാദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകില്ലെന്ന് ഹോട്ടൽ ഉടമകളുടെ കൂട്ടായ്മയായ ആൾ ത്രിപുര ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (ATHROA). ഇന്ത്യൻ പതാകയോട് കാണിച്ച അനാദരവും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബന്ധ്യോപാധ്യായ് പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു കൂട്ടം മൗലികവാദികൾ ചേർന്ന് ഞങ്ങളുടെ രാജ്യത്തിന്റെ പതാകയോട് അനാദരവ് കാട്ടുകയും ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചെയ്തു". നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം അതിരു കടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബം​ഗ്ലാദേശ് ഭരണകൂടത്തിനെതിരെ നേരത്തെ അഗർത്തലയിൽ നൂറുകണക്കിന് പേർ ചേർന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ചില സ്വകാര്യ ആശുപത്രികളുൾപ്പെടെ ബംഗ്ലാദേശി പൗരന്മാർക്ക് ചികിത്സ നൽകില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ത്രിപുര സർക്കാരും ഈ വിഷയത്തിൽ ബം​ഗ്ലാദേശിനെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. 135 കോടി വരുന്ന വൈദ്യുതി കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീർക്കണമെന്ന് ത്രിപുര സർക്കാർ ബം​ഗ്ലാദേശിനെ അറിയിച്ചു. 

Tags:    

Similar News