ലോക്സഭയുടെ സീറ്റ് ക്രമീകരണത്തിൽ അന്തിമ തീരുമാനമായി ; പ്രധാനമന്ത്രി ഒന്നാം നമ്പറിൽ , രാഹുൽ ഗാന്ധി 498ൽ
പതിനെട്ടാമത് ലോക്സഭയുടെ സീറ്റ് ക്രമീകരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയുള്ള ഒന്നാം നമ്പർ സീറ്റിൽ തന്നെ തുടരും. രണ്ടാം നമ്പർ സീറ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മൂന്നാം നമ്പർ സീറ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ തന്നെയാണ് തുടരുക. അതേ സമയം ആദ്യഘട്ട ക്രമീകരണത്തിൽ 58-ാം സീറ്റിലേക്ക് മാറ്റിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സീറ്റ് നമ്പർ നാലിലേക്ക് പുന:ക്രമീകരിച്ചു.
നേരത്തെയുള്ള പട്ടിക പ്രകാരം നാല്, അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെങ്കിലും തിങ്കളാഴ്ച്ച പുറത്തിറക്കിയ പുതുക്കിയ ലിസ്റ്റിൽ ഈ ഇരിപ്പിടങ്ങളിലേക്കും എം പിമാരെ ക്രമീകരിച്ചു. ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ തുടങ്ങിയ പ്രധാന റോളുകളുള്ള മന്ത്രിമാർക്ക് സ്ഥിരമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടില്ല.
അതേ സമയം മുതിർന്ന പ്രതിപക്ഷ നേതാക്കൾക്ക് മുൻനിരയിൽത്തന്നെയാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയ്ക്ക് സീറ്റ് നമ്പർ 498 ആണ് നൽകിയിട്ടുള്ളത്. സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവ് സീറ്റ് നമ്പർ 355 ലും തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായ 354-ാം സീറ്റിലുമാണ് ഇരിക്കുക. 497-ാം നമ്പർ സീറ്റിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ തൊട്ടടുത്തായി തുടരും. കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്കാഗാന്ധി വാദ്രയ്ക്ക് നാലാമത്തെ നിരയിലെ 517 -ാം നമ്പർ സീറ്റാണ് ക്രമീകരിച്ചിട്ടുള്ളത്.