ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

Update: 2024-05-05 05:01 GMT

ഗുരുദ്വാരയിൽ വെച്ച് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിയെന്നാരോപിച്ച് 19 കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ഫിറോസ്പൂരിലെ ബന്ദല ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ബക്ഷീഷ് സിംഗ് എന്ന യുവാവാണ് ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു.

ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. സംഭവം വാർത്തയായതോടെ ഗ്രാമവാസികൾ ഗുരുദ്വാരയിൽ തടിച്ചുകൂടി ഇയാളെ മർദിച്ചു. ഒരു കൂട്ടമാളുകൾ യുവാവിന്റെ കൈകൾ കെട്ടിയാണ് മർദിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ചോരയൊലിപ്പിച്ച് കൈകൾ പിറകിലേക്ക് കെട്ടിയ നിലയിലാണ് യുവാവുള്ളത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡിഎസ്പി സിംഗ് പറഞ്ഞു.

അതേസമയം, ബക്ഷിഷ് സിം​ഗിന്റെ കൊലപാതകികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ലഖ്‌വീന്ദർ സിംഗ് രം​ഗത്തെത്തി. മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും രണ്ട് വർഷമായി മരുന്ന് കഴിക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. മകനെ കൊലപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്നും പിതാവ് പൊലീസിനോട് ആവശ്യപ്പെട്ടു. ബക്ഷീഷ് മുമ്പ് ഗുരുദ്വാര സന്ദർശിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അക്രമ സംഭവങ്ങൾ തടയുന്നതിൽ നിയമം വിജയിച്ചില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിൻ്റെ പ്രതികരണമാണ് ബക്ഷിഷിൻ്റെ മരണമെന്നും അകാൽ തഖ്ത് ജതേദാർ ഗിയാനി രഘ്ബീർ സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.

Tags:    

Similar News