ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

Update: 2024-06-21 02:23 GMT

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവർ ചുരുക്കമാകും. യോഗ നമുക്ക് വാഗ്ദാനം ചെയ്യുന്നതും അതുതന്നെ. 

രണ്ടായിരം വർഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതൽ മൈഗ്രെയ്ൻ വരെ നിരവധി രോഗങ്ങൾക്ക് പ്രായഭേദമെന്യേ പലരും ആശ്രയിക്കുന്നത് യോഗാഭ്യാസത്തെയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.

2014 സെപ്തംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിർദേശം. പിന്നീടങ്ങോട്ടുള്ള എല്ലാവർഷവും ജൂൺ 21 -ന് ലോകമെമ്പാടുമുള്ള യോഗപ്രേമികൾ യോഗ സംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു പോരുന്നു. യോഗാഭ്യാസമെന്നാൽ നിലത്തുവിരിച്ച പായക്കുമേൽ നമ്മൾ ചെയ്യുന്ന ഏതാനും ചില ആസനങ്ങളുടെ മാത്രം പേരല്ല. അയ്യായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഈ ജീവിത ചര്യ, ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അഭിമാനമേകുന്ന ഒന്നാണ്. വർഷം ചെല്ലുന്തോറും സ്വദേശത്തും വിദേശത്തും യോഗയ്ക്ക് പ്രിയം ഏറി വരിക മാത്രമാണ്. 

അന്താരാഷ്ട്ര യോഗദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെ യോഗയ്ക്ക് നേതൃത്വം നല്‍കും. ജമ്മുവിലെ പ്രശസ്തമായ ദാൽ തടകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററായ എസ്‌കെഐസിസിയിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യുകയും അതിനുശേഷം സിവൈപി യോഗ സെഷനിൽ പങ്കെടുക്കുകയും ചെയ്യും.

വിവിധ മേഖലകളിൽ നിന്നുള്ള 7,000-ത്തോളം പേർ പ്രധാനമന്ത്രിക്കൊപ്പം പങ്കുച്ചേരുമെന്ന് ലഫ്റ്റനറ്റ് ​ഗവർണർ മനോജ് സിൻഹ അറിയിച്ചു.താഴ്വരയിൽ പ്രധാനമന്ത്രി യോ​ഗാഭ്യാസം നടത്തുന്നതിൽ കശ്മീരിനാകെ സന്തോഷവും അഭിമാനവുമാണെന്ന് ​ലഫ്. ​ഗവർണർ പറഞ്ഞു.

Tags:    

Similar News