മാൻഹോളിലൂടെയുള്ള വിഷവായു ശ്വസിച്ചു; 15വയസുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു

Update: 2024-06-11 06:08 GMT

മാൻഹോളിലൂടെയുള്ള വിഷവായു ശ്വസിച്ച് മൂന്ന് മരണം. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്‌ത്രീകളും 15 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേർ ഇപ്പോൾ ചികിത്സയിലാണ്.

ഇന്ന് രാവിലെ 72 വയസുള്ള ശെന്താമരൈ എന്ന സ്‌ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകൾ കാമാക്ഷി സംഭവത്തിന് ഇരയാവുകയായിരുന്നു. തുടർന്ന് ശബ്‌ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെൺകുട്ടിയും ഓടിയെത്തിയത്. മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല.

റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വൃദ്ധരായ ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ലൗഡ്‌സ്‌പീക്കറുകളിലൂടെ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിക്കൊണ്ടിരിക്കുകയാണ്. വീടിനുള്ളിൽ ഇരിക്കുന്നവരോട് മാസ് ധരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

സ്ഥലത്ത് ഉടൻതന്നെ ഒരു മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ച് എല്ലാവർക്കും ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകരെല്ലാം സ്ഥലത്തെത്തിക്കഴിഞ്ഞു. അത്യാവശ്യ ചികിത്സ നൽകിത്തുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് സ്ഥലത്തെ താമസക്കാർ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ തന്നെ വലിയ ആശങ്കയാണ് പ്രദേശത്ത് ഉയരുന്നത്.

Tags:    

Similar News