മൂവായിരം രൂപ തിരികെ നൽകിയില്ല; ഹരിയാനയിൽ യുവാവിനെ നാലുപേർ ചേർന്ന് മർദിച്ച് കൊന്നു
ഹരിയാനയിൽ നാലു പേർ ചേർന്ന് 33 കാരനായ ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. 3,000 രൂപ മടക്കിനൽകാത്തതിനെ തുടർന്നാണ് ഇന്ദർ കുമാർ എന്ന പലവ്യഞ്ജനക്കട ഉടമയെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തിൽ കട നടത്തുന്ന ഇന്ദർ കുമാറിനെ ഈ ഗ്രാമത്തിൽത്തന്നെയുള്ള നാലുപേർ ചേർന്നാണ് മർദിച്ചത്. ഏതാനും ദിവസം മുൻപ് സാഗർ യാദവ് എന്നയാൾ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് 19,000 രൂപ ഇന്ദർ കുമാറിനെ ഏർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ 3000 രൂപ ഇന്ദർ കുമാർ ചെലവഴിക്കുകയും ബിൽ അടയ്ക്കാൻ സാധിക്കാതെവരികയും ചെയ്തു. ഇതേത്തുടർന്നുള്ള പ്രശ്നങ്ങളാണ് മർദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ഇന്ദർ കുമാറിന്റെ പിതാവ് ദീപ്ചന്ദ് പോലീസിന് മൊഴിനൽകി.
ബിൽ അടയ്ക്കാത്ത വിവരമറിഞ്ഞ് സാഗർ യാദവ് ഇന്ദർ കുമാറിന്റെ വീട്ടിലെത്തുകയും ബാക്കിയുണ്ടായിരുന്ന 16,000 രൂപ തിരികെ വാങ്ങുകയും ചെയ്തു. ഇന്ദർ കുമാറിനെ ഭീഷണിപ്പെടുത്തിയ സാഗർ യാദവ്, ബാക്കിയുള്ള 3000 രൂപ അടുത്ത ദിവസം നൽകണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം സാഗർ യാദവ് ഇന്ദർകുമാറിനെ വീട്ടിൽനിന്ന് വിളിച്ചിറക്കുകയും മറ്റു മൂന്നുപേർക്കൊപ്പം ചേർന്ന് വടികൾ ഉപയോഗിച്ച് മർദിച്ച് അവശനാക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ വീടിനു സമീപം കണ്ടെത്തിയ ഇന്ദർ കുമാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.