അവസാനമില്ലാതെ മഹാരാഷ്ട്രയിലെ മഹാനാടകം ; ഷിൻഡെ-ഫഡ്നാവിസ് കൂടിക്കാഴ്ച നീണ്ടത് പുലർച്ച വരെ

Update: 2023-07-07 08:22 GMT

എങ്ങുമെത്താതെ നീളുകയാണ് മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം. എൻസിപി പിളർത്തിയെത്തിയ അജിത് പവാറിനും കൂട്ടർക്കും അമിത പ്രാധാന്യം നൽകിയത് ശിവസേന ഷിൻഡെ വിഭാഗത്തിലും വലിയ പൊട്ടിത്തെറികൾക്കാണ് വഴി വെച്ചത്. മന്ത്രിമാർ അടക്കം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് എൻഡിഎ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ചയിൽ യാതൊരു തീരുമാനവും ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസന ചർച്ചകൾ സജീവമായത്. അജിത് പവാറിന് പുറമെ ഒപ്പമെത്തിയ 8 എംഎൽഎമാർക്ക് കൂടി മന്ത്രി പദം നൽകിയിരുന്നു. ഇത് ബിജെപി, ഷിൻഡെ വിഭാഗം എംഎൽഎമാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രി പദത്തിൽ നിന്ന് ഏക്‌നാഥ് ഷിൻഡെ രാജി വെക്കില്ലെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ പ്രതികരണം. 'ഞങ്ങൾ രാജി വെക്കുന്നവരല്ല, രാജി സ്വീകരിക്കുന്നവരാണ്' എന്ന പ്രതികരണവുമായി ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഉദയ് സാമന്ത് രംഗത്തെത്തി. അതുപോല തന്നെ അജിത് പവാർ മുഖ്യമന്ത്രി ആകണമെന്ന തരത്തിലുള്ള പരാമർശം ഉയരുന്നതിൽ ശിവസേന നേതാക്കൾ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട് 

Tags:    

Similar News