രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ.പി നദ്ദ
പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിലാണ് ന്യായീകരണം.
മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് പാകിയതുപോലെ കോൺഗ്രസ് പ്രവർത്തിച്ചു. സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ അടിസ്ഥാന മതമായ ഹിന്ദു മതത്തെ അവഹേളിച്ചതിന് കോൺഗ്രസ്സിനെതിരെ നടപടി എടുക്കണം.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്നും വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പ്രധാനമന്ത്രിയെ എതിർത്തതിലൂടെ രാജ്യത്തെ സംസ്കാരത്തെ കോൺഗ്രസ് എതിർക്കുന്നു. പ്രതിപക്ഷത്തിന്റ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കുക എന്നത് ജനാധിപത്യത്തിലെ വോട്ടർമാരുടെ അവകാശമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും മറുപടിയിൽ പറയുന്നു. ബിജെപിയുടെ മറുപടി പരിശോധിച്ച് വരുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.