സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം ; കോൺഗ്രസിനും ബിജെപിക്കും നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പിയോടും കോൺഗ്രസിനോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. താരപ്രചാരകരെ നിയന്ത്രിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി നിർദേശിച്ചിട്ടുണ്ട്.
മോദിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ താരപ്രചാരകർ ഒഴിവാക്കണം. ജെ പി നഡ്ഡയ്ക്കും മല്ലികാർജുൻ ഖർഗെയ്ക്കുമാണ് നിർദേശം നൽകിയത്. പ്രചാരണത്തിൽ മതപരവും സാമുദായികവുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നു കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കോൺഗ്രസിനെതിരെയും മുസ്‍ലിംകൾക്കെതിരെയും വിദ്വേഷ പ്രചാരണവുമായി നരേന്ദ്ര മോദി രംഗത്തെത്തിയത്. അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്കെതിരെ കോൺഗ്രസ് തിരിയുമെന്ന് പ്രസംഗിച്ചു. ഇതുവഴി ഉത്തരേന്ത്യയിൽ ഭൂരിപക്ഷ വോട്ടുറപ്പിക്കലാണ് ലക്ഷ്യം. പച്ചയായി മതം പറഞ്ഞ് വോട്ടുപിടിക്കുന്ന പ്രധാനമന്ത്രി ഒടുവിൽ പറഞ്ഞത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാമക്ഷേത്രത്തിന് ബാബരി പൂട്ടിടുമെന്നാണ്.
മോദി പറയുന്നത് കള്ളമാണെന്നും കോടതി വിധികളെ എന്നും മാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മോദിയുടെ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിക്ക് ദിവസവും വീഡിയോ സന്ദേശം പുറത്തിറക്കേണ്ടി വരുന്നു. മധ്യപ്രദേശിൽ തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ ആവർത്തിച്ച മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിട്ടില്ല. ബിജെപി അധ്യക്ഷനോട് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്. ഇത് വലിയ വിമർശനമുണ്ടാക്കിയിരുന്നു. കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഇന്ത്യാ മുന്നണിയുടെ ആരോപണം.