ടെന്നീസ് താരം സാനിയ മിർസ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കും ; ഹൈദ്രബാദിൽ അസറദ്ദീൻ ഉവൈസിക്കെതിരെ മത്സരിപ്പിക്കാൻ ആലോചന

Update: 2024-03-28 10:31 GMT

ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. ഗോവ, തെലങ്കാന, യു.പി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ചർച്ചയായത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹാകരമാകുമെന്നാണ് വിലയിരുത്തൽ. 1980ൽ കെ.എസ് നാരായണൻ ആണ് ഹൈദരാബാദിൽ വിജയിച്ച് അവസാന കോൺഗ്രസ് നേതാവ്.

കഴിഞ്ഞ വർഷം നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽ അസ്ഹറുദ്ദീൻ മത്സരിച്ചെങ്കിലും ബി.ആർ.എസിന്റെ മാഗന്തി ഗോപിനാഥിനോട് 16,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

ഉവൈസിയുടെ തട്ടകമായ ഹൈദരാബാദിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. 1984ൽ സുൽത്താൻ സ്വലാഹുദ്ദീൻ ഉവൈസി ഹൈദരാബാദ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായും പിന്നീട് 1989 മുതൽ 1999 വരെ എ.ഐ.എം.ഐ.എം സ്ഥാനാർഥിയായും വിജയിച്ചു. അദ്ദേഹത്തിന് ശേഷം 2004 മുതൽ അസദുദ്ദീൻ ഉവൈസിയാണ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നത്. 2019ൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 58.94 ശതമാനം നേടിയാണ് ഉവൈസി വിജയിച്ചത്.

Tags:    

Similar News