ക്ഷേത്ര നികുതി ബിൽ ; കർണാടക സർക്കാരിനെതിരെ ബിജെപി, ഖജനാവ് കുത്തിനിറക്കാനുള്ള കുതന്ത്രമെന്ന് ആരോപണം

Update: 2024-02-22 14:55 GMT

ക്ഷേത്രവരുമാനത്തിന്റെ ഒരു പങ്ക് ഈടാക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ പോര്. കോൺഗ്രസിന് ഹിന്ദു വിരുദ്ധ നിലപാടാണെന്ന് ബിജെപി ആരോപിച്ചു. ശോഷിച്ച ഖജനാവ് നിറയ്ക്കാനുള്ള കുതന്ത്രമാണിതെന്നും ബിജെപി വിമർശിച്ചു. എന്നാൽ ബിൽ പുതിയതല്ലെന്നും 2001 മുതൽ നിലവിലുണ്ടെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10% നികുതിയും 10 ലക്ഷം മുതൽ 1 കോടി രൂപ വരെ വരുമാനമുള്ളവയിൽ നിന്ന് 5% നികുതിയും ഈടാക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ‘കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ബിൽ 2024’ബിൽ. ഈ ബിൽ നിയമസഭയിൽ പാസ്സാകുകയും ചെയ്തു. പിന്നാലെയാണ് ബില്ലിനെച്ചൊല്ലിയുള്ള രാഷ്ട്രീയപോര് മുറുകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് ‘ഹിന്ദു വിരുദ്ധ’ നയങ്ങൾ നടപ്പാക്കുകയാണെന്ന് ബിജെപി. ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം തട്ടിയെടുക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. ശോഷിച്ച ഖജനാവ് നിറയ്ക്കാനാണ് കുതന്ത്രമാണ് ഈ ബില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി. ഭക്തർ സമർപ്പിക്കുന്ന കാണിക്ക പണം ക്ഷേത്ര പുനരുദ്ധാരണത്തിനുള്ളതാണ്. ഈ തുക മറ്റൊരാവശ്യത്തിന് വകമാറ്റുന്നത് അഴിമതിയിലേക്ക് നയിക്കും. ഭക്തരുടെ വിശ്വാസം വെച്ച് കളിക്കരുതെന്നും വിജയേന്ദ്ര യെദ്യൂരപ്പ.

ആരോപണങ്ങൾക്ക് മറുപടിയായി ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവും കർണാടക സർക്കാർ മന്ത്രിയുമായ രാമലിംഗ റെഡ്ഡി രംഗത്തെത്തി. കോൺഗ്രസിനെ ഹിന്ദു വിരുദ്ധരായി മുദ്രകുത്തി ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്. വർഷങ്ങളായി കോൺഗ്രസ് സർക്കാരുകൾ ക്ഷേത്രങ്ങളും ഹിന്ദു താൽപ്പര്യങ്ങളും സംരക്ഷിച്ചുവരുന്നു. കർണാടകയിലെ ജനങ്ങൾ ബിജെപി തന്ത്രങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News