തമിഴ്നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ചു; വനിതാ കമ്മീഷൻ അംഗം കുശ്ബു വിവാദത്തിൽ

Update: 2024-03-13 05:28 GMT

തമിഴ്‌നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു. കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെയാണ് ഖുശ്ബു ഭിക്ഷയെന്ന് വിളിച്ചത്. ഖുശ്ബുവിന്റെ പരാമർശം ഇതിനോടകം വിവാദത്തിലാവുകയായിരുന്നു.

തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമർശം. ഈ സാഹചര്യത്തിൽ ആയിരം രൂപ സ്ത്രീകൾക്ക് ഭിക്ഷയായി കൊടുത്താലും വോട്ട് ചെയ്യില്ലെന്നായിരുന്നു ഖുശ്ബു പറഞ്ഞത്. ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുകയും ചെയ്താൽ ആളുകൾക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഖുശ്ബുവിന്റെ പരാമർശത്തിനിനെതിരെ ഡിഎംകെയുടെ വനിതാ വിഭാ​ഗം പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, വിമർശനങ്ങളോട് പ്രതികരിച്ച് ഖുശ്ബുവും രം​ഗത്തെത്തിയിട്ടുണ്ട്. വാർത്തകളിൽ ഇടംപിടിയ്ക്കാനായി ഡിഎംകെയ്ക്ക് താൻ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാൻ മാത്രമാണ് താൻ പറഞ്ഞതെന്നും സാമൂഹ്യമാധ്യമമായ എക്സിൽ ഖുശ്ബു കുറിച്ചു. മദ്യപിച്ചവരുമായി ജീവിക്കുന്നവർ അനുഭവിക്കുന്ന വേദന നിങ്ങളുടെ പണത്തേക്കാൾ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവർക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ലെന്നും ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിന്റെ വിമർശനത്തോട് പ്രതികരിച്ച് തമിഴ്‌നാട് സാമൂഹ്യക്ഷേമ മന്ത്രി ഗീതാ ജീവൻ രം​ഗത്തെത്തി. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.16 കോടി സ്ത്രീകളെയാണ് അവർ അപമാനിച്ചത്. ഇത് അങ്ങേയറ്റം വേദനാജനകമാണ്, സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകൾ അവൾക്ക് അറിയില്ലെന്നാണ് കാണിക്കുന്നത്. ഈ 1000 രൂപ സ്ത്രീകൾക്ക് എത്രത്തോളം സഹായകരമാണെന്ന് അറിയാമോ? ഒന്നും അറിയാതെ നിങ്ങൾ വീട്ടിൽ നിന്നിറങ്ങി മൈക്ക് പിടിച്ച് എന്തും പറയും. ‌ഇതിനെ ഞാൻ അപലപിക്കുകയാണ്. -മന്ത്രി പറഞ്ഞു.

Tags:    

Similar News