അജിത് പവാറിന് മറുപടിയുമായി സുപ്രിയ സുലെ; പ്രായം വെറും സംഖ്യ, പിന്നിൽ നിന്ന് കുത്തുന്ന ഫ്ലക്സുമായി പവാർ പക്ഷം

Update: 2023-07-07 11:02 GMT

എൻസിപി പിളർത്തി എൻഡിഎയിലേക്ക് പോവുകയും ശരത് പവാറിനെ പ്രായം പറഞ്ഞ് വിമർശിക്കുകയും ചെയ്ത അജിത് പവാറിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശരത് പവാറിന്റെ മകളും എൻസിപി നേതാവും ലോക്സഭ എം പിയുമായ സുപ്രിയ സുലെ. എൻസിപിയിൽ അധികാര വടംവലി മൂർദ്ധന്യത്തിലെത്തി നിൽക്കുന്ന സമയത്താണ് 'വയസ് 83 ആയില്ലേ ഇനിയെങ്കിലും അധികാര മോഹം അവസാനിപ്പിച്ച് കൂടെ' എന്ന തരത്തിലുള്ള പ്രതികരണം അജിത് പവാറിൽ നിന്ന് ഉണ്ടായത്. ഇതിനുള്ള സുപ്രിയയുടെ മറുപടി ഇപ്രകാരമായിരുന്നു, ചില ആളുകൾ പറയുന്നത് ഇപ്പോൾ പ്രായം ഇത്രയായില്ലേ ഇനി വിരമിച്ചു കൂടെ എന്നാണ്. എന്തിന് പ്രവർത്തനം അവസാനിപ്പിക്കണം? ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ തലവൻ രത്തൻ ടാറ്റയ്ക്ക് 86 വയസുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ സൈറസ് പൂനാവാലയുടെ പ്രായം 84 വയസാണ്. അമിതാഭ് ബച്ചന് 82 വയസ്സാണ്. അവരെ കണ്ടാൽ ക്ഷീണിതരെ പോലെ തോന്നുന്നുണ്ടോ? എന്നായിരുന്നു. പ്രായം എന്നത് വെറും സംഖ്യ മാത്രമാണെന്നും സുപ്രിയ പറഞ്ഞു.

അതേസമയം തന്നെ അജിത് പവാറിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പവാർ അനുകൂലികൾ ഉന്നയിക്കുന്നത്. ബാഹുബലി സിനിമയിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രത്തിനെ അജിത് പവാർ ശരത് പവാറിനെ കുത്തുന്ന ചിത്രമായി ചിത്രീകരിച്ചുള്ള വലിയ ഫ്ലക്സ് ശരത് പവാറിന്റെ ഡൽഹിയിലെ വസതിക്ക് മുന്നിൽ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്. 'ഗദ്ദാർ' എന്ന ഹാഷ് ടാഗോടെയാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. അജിത് പവാറും ഒപ്പമുള്ളവരും വഞ്ചകൻമാരാണെന്നും ജനങ്ങൾ അവർക്ക് മാപ്പ് നൽകില്ലെന്നും എൻസിപി പ്രവർത്തകർ പറയുന്നു.

Tags:    

Similar News