ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്‌നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.
മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു.
അതേസമയം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തർക്കം തുടരുകയാണ്. പ്രതിഭ സിംഗാണ് പ്രധാനമായും രംഗത്തുള്ളത്. എഐസിസി നേതാക്കൾ ഇവരോട് സംസാരിക്കും. മുകേഷ് അഗ്‌നിഹോത്രിയെ അംഗീകരിക്കുന്നുണ്ടെങ്കിലും സുഖുവിന്റെ കാര്യത്തിലാണ് പ്രതിഭയ്ക്ക് അതൃപ്തി. എംഎൽഎമാരുടെ വികാരം അവഗണിക്കാനാവില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം കൂടുതൽ ചർച്ച നടക്കും.