ശക്തിയുടെ ഉദ്ഘാടനം; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ കണ്ടക്ടറാകും

Update: 2023-06-10 04:58 GMT

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനത്തിൻറെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. തലസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.ജാതിക്കും മതത്തിനും വർഗത്തിനും അതീതമായി ശക്തി പദ്ധതി എല്ലാ അർഹരായ ഗുണഭോക്താക്കളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങൾക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിർദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ബസ് യാത്രക്കിടെ കർണാടക മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കും. തുടർന്ന് സൗധയിൽ നടക്കുന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യും.

പദ്ധതിയുടെ ലോഞ്ച് അർത്ഥപൂർണമാക്കാൻ എല്ലാ ജില്ലയിലെ മന്ത്രിമാരും നടപടിയെടുക്കണമെന്നും സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു.വിലക്കയറ്റം മൂലം ദുരിതത്തിലായ കർണാടകയിലെ സ്ത്രീകൾക്ക് ശക്തി പദ്ധതി ആശ്വാസം പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഫണ്ട് സമാഹരണം ആവശ്യമാണെങ്കിലും അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ സർക്കാർ എല്ലാ ഗ്യാരണ്ടി സ്‌കീമുകളും നടപ്പിലാക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി വിതരണം ചെയ്യുന്ന പദ്ധതി ജൂലൈ ഒന്നിന് മൈസൂരുവിൽ ആരംഭിക്കും. വനിതാ മേധാവികൾക്ക് പ്രതിമാസം 2,000 രൂപ അലവൻസ് ലഭിക്കുന്ന ഗൃഹ ലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം ആഗസ്ത് 15 ന് നടക്കും.

Tags:    

Similar News