ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ; ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

Update: 2023-01-09 10:26 GMT

 ബ്രസീലില്‍ മുന്‍ പ്രസിഡന്‍റ് ബോല്‍സനാരോയുടെ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമ സംഭവങ്ങള്‍ ആശങ്കജനകമാണ്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനമാണ് ബ്രസീലിൽ ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാതെ ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടി. ജനാലച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തു. 3000ത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്.

ഇതേ സമയം തന്നെ രാജ്യത്തെ പരമോന്നത കോടതിയും ആക്രമിക്കപ്പെട്ടു. സുപ്രീംകോടതി കെട്ടിടത്തിൽ അതിക്രമിച്ച് കടന്നവർ രേഖകൾ നശിപ്പിച്ചു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലും അക്രമകാരികൾ കടന്നു കയറി. തലസ്ഥാന നഗരത്തിന്‍റെ തെരുവിൽ സർക്കാർ വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കലാപകാരികൾ വെറുതെ വിട്ടില്ല.

ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്‍റ് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. തിരിക്കിട്ട് തിരികെ ബ്രസീലിയയിലെത്തിയ ലുല ഡ സിൽവ മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. അക്രമകാരികൾ കനത്ത വില നൽകേണ്ടി വരുമെന്നും കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും ലുല പ്രഖ്യാപിച്ചു.

വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും ലുല തുറന്നടിച്ചു. അക്രമത്തിൽ പങ്കില്ലെന്നും അപലപിക്കുന്നുവെന്നുമാണ് അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് കടന്ന മുൻ പ്രസിഡന്‍റ് ബോൾസനാരോയുടെ പ്രതികരണം. ജനാധിപത്യ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. എല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ലുല ഡ സിൽവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അക്രമകാരികൾ തലസ്ഥാന നഗരത്തിലേക്ക് എത്തിയ 40 ബസുകൾ അധികൃതർ പിടിച്ചെടുത്തു. 200-ലധികം അക്രമകാരികളും പിടിയിലായിട്ടുണ്ട്. നിലവിൽ തന്ത്ര പ്രധാന മേഖലകളെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Similar News