'തോൽവിയിൽ മറുപടി പറയാൻ ബുദ്ധിമുട്ട്': കോൺഗ്രസിനായി പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാർട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ തരൂർ, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് മറുപടി പറയാൻ കഴിയില്ലെന്നും വിശദീകരിച്ചു.
'ഞാൻ കോൺഗ്രസിനായി ഗുജറാത്തിൽ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താൻ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാൽ, തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മറുപടി നൽകാൻ ബുദ്ധിമുട്ടാണ്' -തരൂർ വ്യക്തമാക്കി.
'ഹിമാചൽ പ്രദേശിൽ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പക്ഷേ, ഗുജറാത്തിൽ അതുണ്ടായില്ല. ആംആദ്മി പാർട്ടി പിടിച്ച വോട്ടുകളും കോൺഗ്രസിന്റെ വോട്ടു കുറയാൻ ഇടയാക്കിയിട്ടുണ്ട്' തരൂർ ചൂണ്ടിക്കാട്ടി.