ശരത് പവാറിന്റെ എൻസിപി എൻഡിഎയിലേക്കോ? പ്ലാൻ ബി തയ്യാറാക്കി മഹാവികാസ് അഘാഡി

Update: 2023-08-16 06:28 GMT

പ്രതിപക്ഷ ഐക്യമുന്നണിയായ 'ഇന്ത്യ'യിൽ നിന്ന് ശരത് പവാറിന്റെ എൻസിപി എൻഡിഎയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യുഹങ്ങൾ ശക്തമാകുന്നു. എൻസിപി പിളർത്തി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന അനന്തരവൻ അജിത് പവാറാണ് ചരട് വലികൾക്ക് പിന്നിലെന്നാണ് സൂചനകൾ. ശരദ് പവാറിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ട് മഹാവികാസ് അഘാഡി സംഖ്യം പ്ലാൻ- ബി തയാറാക്കിയെന്നാണ് സൂചനകൾ.

പവാറിന്റെ നീക്കത്തിൽ അതൃപ്തിയുള്ള മഹാവികാസ് അഘാഡിയിലെ കോൺഗ്രസ്, ശിവസേന കക്ഷികൾ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപി ഇല്ലാതെ മത്സരിക്കാനുള്ള നീക്കത്തിലാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിക്കൊപ്പം പവാർ ചേർന്നേക്കുമെന്നാണ് ആശങ്ക. പ്ലാൻ ബി തയാറാണെന്നും ഹൈക്കമാൻഡാണ് അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു.

''ശരദ് പവാറിന്റെ നീക്കങ്ങൾ തീർച്ചയായും ഞങ്ങളെ അലട്ടുന്നുണ്ട്. പവാർമാർ തമ്മിലുള്ള രഹസ്യയോഗങ്ങൾ കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ, മഹാവികാസ് അഘാഡി സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം എനിക്ക് എടുക്കാനാവില്ല. ഭാവി നടപടിയെപ്പറ്റി ഹൈക്കമാൻഡ് തീരുമാനിക്കും.''– മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു നാനാ പട്ടോളെ പ്രതികരിച്ചു. അടിയന്തരമായി എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നു എൻസിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ എംപി പറഞ്ഞു.

''കോൺഗ്രസിന്റെയും ശിവസേനയുടെയും (ഉദ്ധവ് താക്കറെ വിഭാഗം) പ്രധാന നേതാക്കളെ ഞാൻ വ്യക്തിപരമായി കണ്ടിരുന്നു. ഞങ്ങൾക്കിടയിൽ എന്തെങ്കിലും സംഭവിക്കുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. ബിജെപിയുമായി കൈകോർക്കില്ലെന്നു പിതാവ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്''– സുപ്രിയ പറഞ്ഞു. അജിത്തുമായി പവാർ തുടർച്ചയായി കൂടിക്കാഴ്ച നടത്തുന്നതിൽ കോൺഗ്രസും ശിവസേനയും പരസ്യമായിത്തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

‌ശരദ് പവാറിനെ എൻഡിഎയുടെ ഭാഗമാക്കാനായി കേന്ദ്രമന്ത്രി സ്ഥാനവും നിതി ആയോഗ് അധ്യക്ഷ സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ വെളിപ്പെടുത്തി. സുപ്രിയ സുലെ, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവർക്കും ബിജെപി പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. 

Tags:    

Similar News