എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 28 വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം, മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിലവിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരാമെന്നും കോടതി നിര്‍ദേശിച്ചു.
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡിനും തുടര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനും പിന്നാലെയായിരുന്നു നടപടി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മന്ത്രിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും. ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം നല്‍കിയത്. പ്രിന്‍സിപ്പല്‍ ജഡജ് എസ്. അല്ലി ആശുപത്രിയിലെത്തിയാണ് ഇ.ഡി. റിമാന്‍ഡ് അപേക്ഷ പരിഗണിച്ചത്. സെന്തില്‍ ബാലാജിയുടെ ആരോഗ്യസ്ഥിതി ജഡ്ജ് നേരിട്ട് വിലയിരുത്തി.