സെന്തിൽ ബാലാജി ഹേബിയസ് കോർപസ് ഹർജിയിൽ ഭിന്നത; വിട്ടയയ്ക്കാമെന്ന് ഒരു ജഡ്ജി
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലെ വിധിയിൽ ഹൈക്കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നത. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തു. ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയിൽ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി പറഞ്ഞു.
ഹേബിയസ് കോർപസ് ഹർജി നിലനിൽക്കുമെന്ന് 2 ജഡ്ജിമാരും വ്യക്തമാക്കി. ഇതോടെ, ഹർജിയിലെ തുടർനടപടികൾ ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാർ ഗഗൻപുർവാല തീരുമാനിക്കും. രണ്ടംഗ ബെഞ്ചിലേക്ക് ഒരു ജഡ്ജിയെക്കൂടി നിയോഗിക്കാനാണു നീക്കം. തുടർന്നു വീണ്ടും വാദം കേൾക്കും. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് അന്തിമവിധി പ്രഖ്യാപിക്കും. കഴിഞ്ഞ 14ന് ഇഡി അറസ്റ്റു ചെയ്ത സെന്തിൽ, നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലാണ്. നിലവിൽ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നു.