'ഭരണഘടനാ ആമുഖത്തിൽ നിന്ന് മതേതരത്വവും, സോഷ്യലിസവും പുറത്ത്' ; റിപ്പബ്ലിക് ദിനത്തിൽ വിവാദ പോസ്റ്റുമായി കേന്ദ്ര സർക്കാർ

Update: 2024-01-26 11:38 GMT

റിപബ്ലിക് ദിനത്തിൽ വിവാദ നടപടിയുമായി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനാ ആമുഖം എന്നു പറഞ്ഞാണ് ഇതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനഃപരിശോധിക്കാമെന്ന അടിക്കുറിപ്പുമായാണ് വിവാദ പോസ്റ്റ്. ഈ മൗലികതത്വങ്ങൾ പുതിയ ഇന്ത്യയിൽ എങ്ങനെ പ്രതിധ്വനിക്കുന്നു? കാലങ്ങളിലൂടെയൊരു യാത്ര നടത്താം, വേരുകളിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ രാജ്യം എങ്ങനെ പരിണാമങ്ങളിലൂടെ കടന്നുപോയി എന്ന് അന്വേഷിക്കാമെന്നും കുറിപ്പിൽ പറയുന്നു.

ഇതോടൊപ്പമാണ് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനാ ആമുഖം വിശദമായി അവതരിപ്പിക്കുന്നത്. പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ആമുഖത്തിലെ പ്രധാന തത്വങ്ങളെ പരിചയപ്പെടുത്തുകയാണ് പോസ്റ്റിൽ. പുതിയ ഇന്ത്യയിലെ പരമാധികാരം, പുതിയ ഇന്ത്യയിലെ ജനാധിപത്യം, പുതിയ ഇന്ത്യയിലെ ജനാധിപത്യ പരമാധികാര രാഷ്ട്രം, പുതിയ ഇന്ത്യയിലെ നീതി, പുതിയ ഇന്ത്യയിലെ സ്വാതന്ത്ര്യം, പുതിയ ഇന്ത്യയിലെ തുല്യനീതി, പുതിയ ഇന്ത്യയിലെ സാഹോദര്യം എന്നിങ്ങനെ സ്ലൈഡുകളായി മോദി ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയയും അവിടെ ബ്ലോക്ക് വികസന തെരഞ്ഞെടുപ്പ് ആരംഭിച്ചതും നേട്ടമായി എടുത്തുപറയുന്നുണ്ട്. ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 82 ശതമാനത്തിന്റെ കുറവുണ്ടായെന്നും മിന്നലാക്രമണവും വ്യോമാക്രമണവുമെല്ലാം നടത്തിയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം സ്ഥാപിച്ചെന്നുമെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

ഭരണഘടനാ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ഘട്ടംഘട്ടമായി രണ്ടും എടുത്തുനീക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പോസ്റ്റ് എന്നാണ് ആരോപണം ഉയരുന്നത്.

Tags:    

Similar News