ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Update: 2024-04-11 06:49 GMT

ഹരിയാനയിലെ നർനോളിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വർഷം മുമ്പ് 2018ൽ സ്‌കൂൾ ബസിൻറെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൻറെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 20ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം.

വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നർനോളിൽ ദാരുണാപകടം ഉണ്ടായത്. ഈദുൽ ഫിത്വർ അവധിക്കിടെയും സ്‌കൂൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജിഎൽ പബ്ലിക് സ്‌കൂളിൻറെ സ്‌കൂൾ ബസ് ആണ് നർനോളിലെ കനിനയിലെ ഉൻഹനി ഗ്രാമത്തിൽവെച്ച് നിയന്ത്രണ വിട്ട് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചശേഷമാണ് മറിഞ്ഞത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Tags:    

Similar News