പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതിവേണ്ടെന്ന കേന്ദ്ര ഉത്തരവ്; സുപ്രീംകോടതി സ്റ്റേ ചെയ്തു

Update: 2024-01-03 05:40 GMT

പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു. 2022 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന പാറ ഖനനം ഉൾപ്പടെയുള്ള പദ്ധതികളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ പ്രധാന ഗുണഭോക്താക്കൾ. ഈ ഉത്തരവ് ചോദ്യം ചെയ്ത് വനശക്തി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന പ്രകാരം പദ്ധതികൾ ആരംഭിക്കുന്നതിന് മുൻകൂർ പരിസ്ഥിതി അനുമതി അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2017-ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പരിസ്ഥിതിഅനുമതി കരസ്ഥമാക്കിയാൽ മതിയെന്ന ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവ് മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈകോടതിയുടെ ഉത്തരവ് തമിഴ് നാടിന് മാത്രമാണ് ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 2022 ജനുവരിയിൽ കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെയാണ് സ്റ്റേ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Tags:    

Similar News