ഇലക്ട്രൽ ബോണ്ട് കേസ്; എസ്ബിഐക്ക് നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും

Update: 2024-03-12 03:16 GMT

ഇലക്ടറൽ ബോണ്ട് കേസിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്ബിഐക്ക് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്.

ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം. വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആരു വാങ്ങിയ ബോണ്ടുകളാണ് ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയത് എന്ന വിവരം ഉടൻ പുറത്തുവരില്ല.

ബോണ്ടുകളുടെ വിൽപനയും അത് പാർട്ടികൾ സ്വീകരിച്ചതിന്റെയും വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം നീട്ടി നൽകണമെന്നായിരുന്നു എസ്ബിഐ അപേക്ഷ. എന്നാൽ ഈ അപേക്ഷയിൽ കടുത്ത  നീരസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പ്രകടിപ്പിച്ചു. എസ് ബി ഐ പോലുള്ള ഒരു വലിയ സ്ഥാപനം വിധി വന്ന് 26 ദിവസമായി എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥ പ്രതീക്ഷിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എസ്ബിഐ വെളിപ്പെടുത്താൻ സമയം ചോദിച്ചകുറെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുദ്രവെച്ച കവറിൽ കോടതിക്ക് നൽകിയതാണ്. ഈ കവർ വാദത്തിനിടെ കോടതി തുറന്നു. ഈ  വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രസിദ്ധീകരിക്കാൻ കോടതി നിർദ്ദേശിച്ചു.  ഈ വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ പുറത്തു വരും. ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും എസ്ബിഐ കൈമാറേണ്ടി വരും. കേസിൽ എഡിആറും സിപിഎമ്മു നൽകിയ കോടതിയലക്ഷ്യ ഹർജികൾ തൽക്കാലം തള്ളിയെങ്കിലും വിവരങ്ങൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും കോടതി മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.  

Tags:    

Similar News