ഇലക്ട്രൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ; മാർച്ച് 15 ന് 5 മണിക്ക് മുൻപ് ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും

Update: 2024-03-12 13:33 GMT

ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ചൊവ്വാഴ്ച വൈകീട്ട് 5.30ന് മുമ്പ് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇലക്ട്രല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്.ബി.ഐ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാൽ, ഇത് സുപ്രീം കോടതി തള്ളി.

വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്.ബി.ഐ വാദം. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

എസ്.ബി.ഐ കൈമാറിയ വിവരങ്ങള്‍ മാര്‍ച്ച് 15ന് വൈകീട്ട് അഞ്ചിന് മുന്‍പേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News