സര്‍ക്കാരിനെ വെട്ടിലാക്കി സച്ചിന്റെ നിരാഹാര നീക്കം

Update: 2023-04-09 11:00 GMT

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം അവശേഷിക്കേ രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗെലോട്ട്-സച്ചിന്‍ പടലപ്പിണക്കം രൂക്ഷമാകാന്‍ കളമൊരുങ്ങുന്നു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെ വെട്ടിലാക്കാനുള്ള പുതിയ നീക്കവുമായി യുവനേതാവ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികള്‍ക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് സച്ചിന്റെ ആവശ്യം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയ്യേറ്റം, ലളിത് മോദി സത്യവാങ്മൂലക്കേസ് എന്നിവയില്‍ നടപടിയെടുക്കുന്നതില്‍ ഗെലോട്ട് സര്‍ക്കാര്‍ പരാജയപ്പെടുവെന്ന് സച്ചിന്‍ ആരോപിച്ചു.

മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ സംബന്ധിച്ച് ഗെലോട്ട് സംസാരിക്കുന്നതിന്റെ പഴയ വിഡിയോകള്‍ സച്ചിന്‍ പുറത്തുവിട്ടു. ഇക്കാര്യങ്ങളില്‍ എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും സച്ചിന്‍ ചോദിച്ചു. ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് സച്ചിന്‍ കുറ്റപ്പെടുത്തി.

'വാഗ്ദാനങ്ങള്‍ നിറവേറ്റാതെ തിരഞ്ഞെടുപ്പിലേക്കു പോകാന്‍ കഴിയില്ല. അഴിമതികളെക്കുറിച്ച് തെളിവുണ്ട്. അത് അന്വേഷിക്കണം, നടപടിയെടുക്കണം. തിരഞ്ഞെടുപ്പ്് പെരുമാറ്റച്ചട്ടം അടുത്തു തന്നെ നിലവില്‍ വരും. ജനങ്ങളോട് ഉത്തരം പറയേണ്ടതാണ്.' - സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ഗെലോട്ടും സച്ചിനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് സച്ചിന്റെ നിരാഹാര സമരപ്രഖ്യാപനം. 2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വീതിച്ചു നല്‍കാമെന്ന് ഹൈക്കമാന്‍ഡ് സച്ചിന് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു നടന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ച സച്ചില്‍ 2020ല്‍ 20 എംഎല്‍എമാരെ ഡല്‍ഹിക്കു സമീപത്തുള്ള റിസോര്‍ട്ടിലേക്കു മാറ്റി മുഖ്യമന്ത്രിസ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു.

പാര്‍ട്ടി പിളര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുപോലും സച്ചിന്റെ നീക്കം വിജയിച്ചില്ല. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും സച്ചിന് നഷ്ടമായി. കോണ്‍ഗ്രസ് ദേശീയ അധ്യസ്ഥ സ്ഥാനത്തേക്ക് ഗെലോട്ടിനെ പരിഗണിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അദ്ദേഹം തയാറായില്ല. ഇതോടെ സച്ചിന് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം എന്ന മോഹം സ്വപ്‌നമായി തന്നെ അവശേഷിക്കുന്ന സ്ഥിതിയായി മാറി. ഈ ഘട്ടത്തിലാണ് സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകുന്നതും കോണ്‍ഗ്രസില്‍ ഗെലോട്ട്-സച്ചിന്‍ പോര് വീണ്ടും മൂര്‍ച്ഛിക്കുന്നതും.

Tags:    

Similar News