രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിച്ച് എസ് ജയങ്കർ; ഇത്തവണയും മത്സരിക്കുന്നത് ഗുജറാത്തിൽ നിന്ന് തന്നെ

Update: 2023-07-10 13:45 GMT

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് എസ്. ജയശങ്കർ പത്രിക സമർപ്പിച്ചത്. ഇത്തവണയും ഗുജറാത്തിൽ നിന്ന് തന്നെയാണ് ജയശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എം‌എൽ‌എമാരോടും നന്ദി അറിയിക്കുന്നുവെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു . 'നാല് വർഷം മുൻപ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് എത്താൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചു. അടുത്ത നാല് വർഷം രാജ്യത്ത് സംഭവിക്കുന്ന പുരോഗതിയിൽ സംഭാവന നൽകാൻ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 11 സീറ്റുകളുള്ള ഗുജറാത്തിൽ 8 ഉം ബിജെപിക്കാണ്. ഇതിൽ എസ് ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഈ മാസം 18 ന് അവസാനിക്കും. ഈ സീറ്റുകളിലേക്കാണ് ജുലൈ 24 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് ജൂലൈ 13 . നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂലൈ 17 ആണ്. 182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാർ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തവണ ആരേയും മത്സരിപ്പിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുജറാത്തിൽ 17 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. 157 സീറ്റുകൾ നേടി ബി ജെ പി അട്ടിമറി വിജയമായിരുന്നു ഇവിടെ സ്വന്തമാക്കിയത്.

Tags:    

Similar News