ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിങ്

Update: 2024-05-05 09:56 GMT

തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. തീക്കളിയാണ് കോൺ​ഗ്രസ് കളിക്കുന്നതെന്നും രാജ്നാഥ് സിങ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺ​ഗ്രസ് ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ് അവർ ആ​ഗ്രഹിക്കുന്നത്. തീക്കളിയാണ് കോൺ​ഗ്രസ് കളിക്കുന്നത്. എന്നാൽ, അവരുടെ നേതാവ് രാഹുൽ ​ഗാന്ധിയുടെ ഉള്ളിൽ തീയില്ലെന്നും അദ്ദേഹം വിമർശിച്ചു.

സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺ​ഗ്രസ് ശ്രമം. വോട്ട് ബാങ്കായി മാത്രമാണ് അവർ മുസ്ലിം സമുദായത്തെ കാണുന്നത്. ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് സർക്കാർ രൂപീകരിക്കാനാണ് കോൺ​ഗ്രസ് ശ്രമം. രാഷ്ട്രീയത്തിന്റെ ലക്ഷ്യം രാഷ്ട്രനിർമാണമാണ്. അല്ലാതെ, സർക്കാർ രൂപീകരണം മാത്രമല്ല രാഷ്ട്രീയമെന്നും അദ്ദേഹം കോൺ​ഗ്രസിനെ ഓർമിപ്പിച്ചു.

400-ലധികം സീറ്റുകൾ സ്വന്തമാക്കി എൻ.ഡി.എ ഇത്തവണ അധികാരത്തിലേറും. ബി.ജെ.പി 370-ലധികം സീറ്റുകളിൽ വിജയിക്കും. യു.പിയിലും ബം​ഗാളിലും സീറ്റുകൾ വർധിക്കും. തമിഴ്നാട്ടിൽനിന്ന് ബി.ജെ.പിക്ക് എം.പിമാരുണ്ടാകും. കേരളത്തിൽ ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് (യു.സി.സി), ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അടക്കമുള്ള തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ബി.ജെ.പി തങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രകടനപത്രികയിൽ പറയുന്നതെല്ലാം സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News