തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

Update: 2024-03-10 14:24 GMT

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയലിന്‍റെ രാജിക്ക് പിന്നാലെ, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അരുൺ ഗോയലിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണ‍റായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാൽ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്.

ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയലിന്‍റെ രാജിയില്‍ വിവാദം പുകയുകയാണ്.ഏത് സാഹചര്യത്തിലാണ് അരുണ്‍ ഗോയല്‍ രാജിവെച്ചതെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കിയിട്ടില്ല.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷർ രാജീവ് കുമാറുമായി വിവിധ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.

ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ നല്‍കുന്നതില്‍ എസ്‍ബിഐ സമയം നീട്ടി ചോദിച്ചത് , ബംഗാളിലെ കേന്ദ്ര സേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്നാണ് സൂചന. ബംഗാളില്‍ മാ‍ർച്ച് നാല് അഞ്ച് തീയ്യതികളില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ സന്ദർശനം നടത്തിയിരുന്നു. ചർച്ചകളില്‍ പങ്കെടുത്തെങ്കിലും മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണറുമായി ചേർന്നുള്ള വാർത്തസമ്മേളനത്തിന് അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. പിന്നാലെയാണ് രാജി സമർപ്പിച്ചത്. 

Tags:    

Similar News