ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം സമ്മേളനത്തിൽ അറിയിച്ചു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട പദ്ധതിയുടെ ചുമതല വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയാണ് ഏൽപ്പിച്ചതെന്നു മോദി വ്യക്തമാക്കിയത് പ്രസംഗം പരിഭാഷപ്പെടുത്തിയ മുരളീധരൻ തന്നെ ജനാവലിയെ അറിയിച്ചു. രാത്രി തന്നെ മുരളീധരൻ സൗദി അറേബ്യയിലെ ജിദ്ദയിലേക്കു തിരിക്കുകയും ചെയ്തു.
നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ ചരക്കു വിമാനങ്ങളുമാണ് ദൗത്യത്തിനായി രംഗത്തുള്ളത്. സൗദിയിലെ ജിദ്ദ വിമാനത്താവളത്തിൽ 2 സി 130ജെ വിമാനങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യ എത്തിച്ചിരുന്നു. സുഡാനിലെ തുറമുഖത്ത് 500 ഇന്ത്യക്കാർ ഇന്നലെ എത്തിയെന്നും ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. കൂടുതൽ കപ്പലുകൾ ഇന്ത്യയിൽ നിന്നു പുറപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. സുഡാനിൽ വിവിധയിടങ്ങളിലായി മലയാളികളടക്കം 3000 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
ഇതേസമയം, സുഡാനിൽ നിന്ന് 388 പേരെ ഫ്രാൻസ് രക്ഷപ്പെടുത്തി ജിബൂട്ടിയിൽ എത്തിച്ചു. ഇവർ ഇന്ത്യ ഉൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസി അറിയിച്ചു.