കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്
കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ തുകയിൽ നിന്നാണ് ആദായ നികുതി വകുപ്പ് 65 കോടി രൂപ ഈടാക്കിയത്. 115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. നടപടിക്കെതിരെ ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരാൻ ട്രിബ്യൂണൽ നിർദ്ദേശം നല്‍കി.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞഅഞ ദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴ ചുമത്തിയതായും ട്രഷറർ അജയ് മാക്കനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അറിയിപ്പ് പോലും നല്‍കാതെയാണ് കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്.
കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ ഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്‍റെ എല്ലാ രാഷ്ട്രീയ നീക്കങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്‍ അടക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതിയാണന്നും അജയ് മാക്കൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.