രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു

Update: 2024-02-28 03:13 GMT

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശമായ ശ്രീലങ്കയിലേക്ക് പോകാൻ അനുമതി കിട്ടിയെങ്കിലും യാത്ര നടന്നില്ല. രോഗിയായ അമ്മയെ കാണാനാണു ശാന്തന് ശ്രീലങ്കയിലേക്കു പോകാൻ അനുമതി നൽകിയത്. ഇതിനായി കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു.

എസ്.രാജ എന്നാണ് ശാന്തന്റെ ഔദ്യോഗിക പേര്. 1991ലെ ലങ്കൻ പ്രശ്നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. 2022ലാണ് സുപ്രീം കോടതി ഇടപെട്ട് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചത്. നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയില്‍ മോചിതരായത്.

ഇതില്‍ ശ്രീലങ്കന്‍ പൗരന്‍മാരെ, രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാര്‍പ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു പോയത്. രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തി സ്വീകരിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിൽ ഇളവു നൽകിയാണു മോചിപ്പിച്ചത്.

Tags:    

Similar News