"രാഹുൽ ഗാന്ധി വീണ്ടും വയനാട് എംപി" ; അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സുപ്രിംകോടതി സ്റ്റേ, അയോഗ്യത നീങ്ങി

Update: 2023-08-04 08:31 GMT

2019ലെ 'മോദി'പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സാഹചര്യത്തിൽ രാഹുലിന്റെ അയോഗ്യത നീങ്ങും, വയനാട് എംപി സ്ഥാനം തിരികെ കിട്ടും.

ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. സാക്ഷി പോലും പരാമർശം അപകീർത്തി പെടുത്തുന്നതാണെന്ന് പറഞ്ഞിട്ടില്ല. മോദി സമുദായത്തെ അപമാനിച്ചിട്ടില്ല. പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പാണെന്നും പരാതിക്കാരൻ ബിജെപിക്കാരൻ ആണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം . മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരൻ പൂർണേഷ് മോദിക്ക് വേണ്ടി ഹാജരായത്. രാഹുൽ ഗാന്ധിയുടേത് മനപ്പൂർവം നടത്തിയ പ്രസ്താവനയെന്നായിരുന്നു പരാതിക്കാരന്റെ വാദം. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചുവെന്നും പരാതിക്കാരന് വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News