അനുമതിയില്ലാതെ കാമ്പസ് സന്ദർശനം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്സിറ്റി

Update: 2023-05-10 01:01 GMT

അനുമതിയില്ലാതെ കാമ്പസ് സന്ദർശിക്കരുതെന്ന് കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്‌സിറ്റി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ സന്ദർശിച്ചതിന് പിന്നാലെയാണ് നീക്കം. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അദ്ദേഹത്തിന് നോട്ടീസ് നൽകുമെന്ന് ഡൽഹി യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.

ഇത്തരത്തിലുള്ള സന്ദർശനം വിദ്യാർഥികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും കൂടിക്കാഴ്ചകൾക്ക് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും സർവകലാശാല രാഹുലിനെ അറിയിക്കും. രാഹുലിന്റേത് അനധികൃത സന്ദർശനമായിരുന്നു. രാഹുൽ 'തള്ളിക്കയറി'വന്നപ്പോൾ വിദ്യാർഥികളിൽ പലരും ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. ക്യാമ്പസിൽ ഇത് അനുവദിക്കാൻ കഴിയില്ലെന്നും രജിസ്ട്രാർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽഗാന്ധി ഡൽഹി യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മെൻസ് ഹോസ്റ്റൽ സന്ദർശിച്ചത്. ഇതിനെതിരെ സർവകലാശാല കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സന്ദർശനം നിരവധി അന്തേവാസികളുടെ ഉച്ചഭക്ഷണം തടസ്സപ്പെടുത്തിയെന്നും ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയെന്നും സർവകലാശാല അറിയിച്ചു. പെട്ടെന്നുണ്ടായ ഈ സംഭവം നിരവധി അന്തേവാസികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനെ തടസ്സപ്പെടുത്തി. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർവകലാശാല അധികൃതർ സ്വീകരിക്കുമെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.

സർവകലാശാലയുടെ നടപടിക്കെതിരെ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയും അധ്യാപക സംഘടനയായ ഇന്ത്യൻ നാഷണൽ ടീച്ചേഴ്സ് കോൺഗ്രസും രംഗത്തെത്തി.

Tags:    

Similar News