അപകീർത്തി കേസ്; രാഹുൽ ​ഗാന്ധിയുടെ അപ്പീൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Update: 2023-07-21 01:30 GMT

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച്  'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ്സ ഹർജി നൽകിയിട്ടുണ്ട്.

കേസിൽ ജില്ലാ കോടതിയെയാണ് രാഹുൽ ​ഗാന്ധി സമീപിച്ചത്. എന്നാൽ, അപ്പീൽ തള്ളിയതോടെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാൽ, മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി വ്യക്തമാക്കിയത്.

Tags:    

Similar News