ലോക്സഭയിലെ പ്രതിഷേധം; എ എം ആരിഫ് , തോമസ് ചാഴികാടൻ എന്നിവരെ സസ്പെൻഡ് ചെയ്തു

Update: 2023-12-20 09:54 GMT

ലോക്സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെന്റ് ചെയ്തു. പോസ്റ്റർ ഉയർത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറിൽ കയറിയും ഡെസ്കിൽ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചു കീറി എറിഞ്ഞു. മൂന്നു മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കു ശേഷമാണ് സസ്പെൻഷൻ ഉത്തരവിട്ടത്. ഇതോടെ കേരളത്തിൽ നിന്നുള്ള 20 ൽ 18 എംപിമാരും സസ്പെൻഷനിലായി. ആകെ 143 എംപിമാരാണ് ഇരുസഭകളിലുമായി സസ്പെൻഷനിലായത്. ഇനി കേരളത്തിൽ നിന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രമാണ് ബാക്കിയുള്ളത്. ലോക്സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എംപിമാര്‍ സസ്പെൻഷനിലായി.

എംപിമാരുടെ കൂട്ട സസ്പെൻഷനെ വിമർശിച്ച് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്ര ശേഖർ ആസാദ് രംഗത്ത് വന്നു. സുരക്ഷാ വീഴ്ച പോലെ തന്നെ ഗൗരവതരമാണ് കൂട്ട സസ്പെൻഷനുമെന്ന് പറഞ്ഞ അദ്ദേഹം മോദിക്ക് ഇതും ചരിത്രപരമെന്ന് അവകാശപ്പെടാമെന്നും പരിഹസിച്ചു. ജനാധിപത്യം ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും ചന്ദ്ര ശേഖർ ആസാദ് കുറ്റപ്പെടുത്തി.

ഇന്നലെ ലോകസഭയില്‍ നിന്ന് 49 എംപിമാരെയാണ് സ്പീക്കർ സസ്പെൻറ് ചെയ്തത്. മുതിര്‍ന്ന നേതാക്കളായ ഫറൂഖ് അബ്ദുള്ള, മനീഷ് തിവാരി ഉള്‍പ്പെടെയുള്ളവരെയും കേരളത്തില്‍ നിന്നുള്ള കെ സുധാകരൻ, ശശി തരൂര്‍ , അടൂർ പ്രകാശ്, അബ്ദു സമദ് സമദാനി എന്നിവരെയും സസ്പെന്‍റ് ചെയ്തു. ഇതോടെ ആകെ സസ്പെൻഷനിലായ എംപിമാരുടെ എണ്ണം 141 ആയി ഉയര്‍ന്നിരുന്നു. ഇതില്‍ 95 പേര്‍ ലോക്സഭയില്‍ നിന്നും 46 പേര്‍ രാജ്യസഭയില്‍ നിന്നുമാണ്. തനിക്ക് സസ്പെന്‍ഷനുണ്ടാകുമെന്ന് ട്വിറ്ററിൽ പ്രവചിച്ച ശേഷമായിരുന്നു തരൂരിന് എതിരായ നടപടി.

Tags:    

Similar News