ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വീഡിയോ കോൺഫറൻസ് മുഖേന പ്രചരണം നടത്താൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതിന് അനുമതി നൽകിയാൽ എല്ലാവരും ഇതേ ആവശ്യം ഉന്നയിച്ച് വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അമർജിത്ത് ഗുപ്ത എന്ന നിയമ വിദ്യാർഥിയാണ് ഹരജി സമർപ്പിച്ചത്. ജസ്റ്റിസ് മൻമോഹനാണ് ഹർജി തള്ളിയത്.
രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാനാണ് കോടതി എന്നും ശ്രമിക്കുന്നത്. കേവലപ്രസിദ്ധിക്കുവേണ്ടിയാണ് ഈ നിയമ വിദ്യാർഥി ഹരജിയുമായി എത്തിയത്. പിഴ സഹിതം തള്ളേണ്ടതാണെന്നും നിയമവിദ്യാർഥി ആയതിനാലാണ് പിഴ ഒഴിവാക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു.