രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

Update: 2024-03-07 11:00 GMT

ഈ കാടന്‍ ഭരണത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണെന്നും നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അവർ.

സ്ത്രീകള്‍ നീതി തേടുമ്പോള്‍ അവരുടെ കുടുബത്തെ തകര്‍ക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഹത്രാസ്, ഉന്നാവോ ബലാത്സംഗക്കേസുകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. 'കൂട്ടബലാത്സംഗത്തിന് ഇരകളായ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കാണ്‍പൂരില്‍ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അവരുടെ പിതാവും ആത്മഹത്യ ചെയ്തു. ഇരകളുടെ കുടുംബത്തിന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് ഹത്രാസ്, ഉന്നാവ്‌ എന്നവിടങ്ങളിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസിലാകുന്നത്'- പ്രിയങ്ക എക്‌സില്‍ കുറിച്ചു.

'ഉത്തര്‍പ്രദേശില്‍ ഇരകളായ പെണ്‍കുട്ടികളും സ്ത്രീകളും നീതി തേടുമ്പോള്‍ അവരുടെ കുടുബത്തെ തകര്‍ക്കുന്നത് ഒരു നിയമമായി മാറിയിരിക്കുന്നു. ഉന്നാവ്‌, ഹത്രാസ്, ഇപ്പോള്‍ കാണ്‍പുരിലും എവിടെയൊക്കെയാണോ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് അവിടെ അവരുടെ കുടുംബവും തകര്‍ക്കപ്പെടുന്നു. ഈ കാടന്‍ ഭരണത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണ്. നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ല. സംസ്ഥാനത്തെ കോടിക്കണക്കിന് സ്ത്രീകള്‍ എന്താണ് ചെയ്യുക? അവര്‍ എങ്ങോട്ടാണ് പോവുക?- പ്രിയങ്ക ചോദിച്ചു.

മനുഷ്വത്വത്തെ നാണിപ്പിക്കുന്നതാണ് കാണ്‍പുര്‍ ബലാത്സംഗക്കേസെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പവന്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു. യുപിയിലെ 'ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍' ക്രിമിനലുകള്‍ക്ക് കീഴടങ്ങി. രാജ്യത്തെ വനിതാ കമ്മീഷനെവിടെയാണെന്നും എന്തുകൊണ്ടാണ് പീഡിപ്പിക്കുന്നവര്‍ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരേയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരേയും ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഭാരത് സോളങ്കി രാജ്യത്തെ മാധ്യമങ്ങള്‍ നിശബ്ദദമായിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Tags:    

Similar News