മുതിർന്ന നേതാവിനെയാണ് അപമാനിച്ചത്; ഖാർഗെയുടെ കത്തിന് മറുപടി നൽകാത്തതിൽ നരേന്ദ്ര മോദിക്കെതിരേ പ്രിയങ്ക

Update: 2024-09-20 10:30 GMT

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തംനിലയ്ക്ക് മറുപടി നല്‍കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്വന്തം നിലയ്ക്ക് മറുപടി നല്‍കാതെ മോദി ഖാര്‍ഗെയെ അപമാനിച്ചെന്ന് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ പ്രിയങ്ക ആരോപിച്ചു. ചില ബി.ജെ.പി. നേതാക്കന്മാരുടെ ഭാഗത്തുനിന്ന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയുണ്ടായ പ്രകോപന പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഖാര്‍ഗെയുടെ കത്ത്. എന്നാല്‍ പ്രധാനമന്ത്രിയല്ല, പകരം ബി.ജെ.പി. ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയാണ് ഇതിന് പരിഹാസത്തിലൂന്നിയുള്ള മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്.

പ്രധാനമന്ത്രിക്ക് ജനാധിപത്യമൂല്യങ്ങളിലും തുല്യമായ ആശയവിനിമയത്തിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍, മുതിര്‍ന്നവരോട് ബഹുമാനമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം നിലയ്ക്ക് മറുപടി നല്‍കുമായിരുന്നു. പകരം, അദ്ദേഹം ജെ.പി. നഡ്ഡ എഴുതിയ നിലവാരം കുറഞ്ഞതും ആക്രമണോത്സുകവുമായ മറുപടി അയച്ചു. 82 വയസ്സുള്ള മുതിര്‍ന്ന നേതാവിനെ അപമാനിക്കേണ്ട എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്, പ്രിയങ്ക ചോദിച്ചു.

Tags:    

Similar News