കന്യാകുമാരിയിൽ ധ്യാനമിരിക്കാൻ മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും

Update: 2024-05-28 13:34 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ കന്യാകുമാരിയില്‍ ധ്യാനത്തിലിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 30 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് വിവേകാനന്ദ പാറയില്‍ ധ്യാനത്തിലിരിക്കുക. ജൂണ്‍ ഒന്നിനാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി മത്സരിക്കുന്ന വാരാണസിയിലും അന്ന് തന്നെയാണ് തെരഞ്ഞെടുപ്പ്.

കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിലിരുന്ന അതേയിടത്താണ് മോദിയും ധ്യാനത്തിലിരിക്കുക. മെയ് 30ന് വൈകീട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകീട്ട് വരെയാകും ധ്യാനം. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവയുടെ സംഗമ കേന്ദ്രം കൂടിയാണ്.

പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചു. ഡല്‍ഹിയില്‍ നിന്ന് എസ്.പി.ജി സംഘവുമെത്തിയിട്ടുണ്ട്.

2019ലെ തെരഞ്ഞെടുപ്പ് കാലത്തും മോദി ഇത്തരത്തില്‍ ധ്യാനത്തിലിരുന്നിരുന്നു. അന്ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലായിരുന്നു ധ്യാനം. ഏകാന്ത ധ്യാനത്തിന് ശേഷം കേദാര്‍നാഥ് ക്ഷേത്രവും ബദരീനാഥും അദ്ദേഹം സന്ദര്‍ശിച്ചു.

മോദിയുടെ ധ്യാനത്തിനെതിരെ അന്ന് പ്രതിപക്ഷ കക്ഷികള്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നില്ല.

ഔദ്യോഗിക യാത്രയാണെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേദാര്‍നാഥിലേക്കുള്ള യാത്രക്ക് അനുമതി നല്‍കിയത്. മോദിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഇവിടെ ഗുഹ നിര്‍മ്മിക്കുകയായിരുന്നു. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച രുദ്ര ഗുഹക്ക് എട്ടര ലക്ഷം രൂപയണ് ചെലവായത്. ഇത് നിലവില്‍ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്.

Tags:    

Similar News