ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. വെള്ളിയാഴ്ച്ച ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക . നിലവിൽ സെൻറ് ജോർജ് ക്രോസിൻറെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പതാക.
മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. 'പുതിയ പതാക കൊളോണിയൽ ഓർമകളെ പൂർണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ് പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൻറെ കമ്മിഷനിങ് കൊച്ചിയിൽ നടക്കുമ്പോഴാകും പ്രധാനമന്ത്രി പുതിയ പതാക അനാവരണം ചെയ്യുക. ഒരുപക്ഷേ നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്‌കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.
വെള്ളപതാകയിൽ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. ചുവന്ന വരികൾ സെൻറ് ജോർജ് ക്രോസെന്നാണ് അറിയപ്പെടുക.
ബ്രിട്ടിഷ് ഭരണകാലംമുതലുള്ള പതാകയാണിത്. ഇത് മാറ്റിയാണ് ഇന്ത്യൻ സമുദ്രപാരമ്പര്യം വിളിച്ചോതുന്നതാക്കി മാറ്റുന്നത്. എന്തൊക്കെയാണ് പുതിയ പതാകയിൽ ഇടംനേടുക എന്ന് വ്യക്തമല്ലെങ്കിലും സെൻറ് ജോർജ് ക്രോസ് മാറ്റുമെന്ന് ഉറപ്പാണ്. കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേർന്നുപോകുന്നത് കൂടിയാകും നാവികസേനയുടെ പുതിയ പതാക.
10 ഡിസൈനുകളിൽനിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. 2001 മുതൽ 2004 വരെ വാജ്‌പേയി സർക്കാർ സെൻറ് ജോർജ് ക്രോസ് മാറ്റിയിരുന്നു. എന്നാൽ പിന്നീട് യുപിഎ സർക്കാർ വീണ്ടും പഴയ പതാക കൊണ്ടുവന്നു. നാവികസേന തന്നെ ഉയർത്തിയ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്.