മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ; വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് വിജയുടെ പാര്‍ട്ടി
തമിഴ്നാട്ടില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ( സിഎഎ) വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി 'തമിഴക വെട്രി കഴകം'. സിഎഎ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയുടെ പാര്‍ട്ടി ആദ്യമായി നിലപാടെടുക്കുന്ന വിഷയമാണ് സിഎഎ. ഇതിന് പിന്നാലെ വിജയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നുവരികയായിരുന്നു. സൈബര്‍ ആക്രമണം കടുക്കുന്നതിനിടെയാണ് വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് 'തമിഴക വെട്രി കഴകം' മറുപടി നല്‍കുന്നത്.
മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാവുക എന്നും സിഎഎ തമിഴ്‍നാട്ടില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.
വിജയ്ക്ക് പിന്നാലെ കമല്‍ ഹാസന്‍റെ 'മക്കള്‍ നീതി മ്യയ'വും സിഎഎക്കെതിരായ നിലപാട് പരസ്യമായി എടുത്തിരുന്നു. വിജയ് ആയാലും കമല്‍ ആയാലും ബിജെപിക്കെതിരായ രാഷ്ട്രീയത്തിലാണ് നിലവില്‍ തുടരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും ഡിഎംകെയുടെ താരപ്രചാരകനായി തമിഴ്നാട്ടില്‍ കമല്‍ സജീവമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.