ജനസംഖ്യാ പഠന റിപ്പോർട്ട് മാധ്യമങ്ങൾ മുസ്ലിം വിദ്വേഷത്തിന് വേണ്ടി ഉപയോഗിക്കരുത് ; പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
രാജ്യത്ത് പ്രത്യുൽപ്പാദന നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് മുസ്‍ലിംകളിലാണെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻന ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ജനസംഖ്യാ പഠന റിപ്പോർട്ട് മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കാനായി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യരുതെന്നും എൻ.ജി.ഒ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുസ്‍ലിം ജനസംഖ്യ വർധിക്കുന്നതായി കാണിച്ച് ഭയം സൃഷ്ടിക്കാനാണ് ശ്രമം. ജനസംഖ്യ വളർച്ചാ നിരക്കിന് മതവുമായി നേരിട്ട് ബന്ധമില്ല. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മൊത്തത്തിലുള്ള ഫെർട്ടിലിറ്റി റേറ്റ് (TFR) കുറയുന്നുണ്ട്. മുസ്‍ലിംകൾക്കിടയിലാണ് ഏറ്റവും കൂടുതൽ ഇടിവെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.
‘മത ന്യൂനപക്ഷങ്ങളുടെ പങ്ക്: ഒരു ക്രോസ്-കൺട്രി അനാലിസിസ് (1950-2015)’ എന്ന പേരിലാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പഠനത്തിലെ കണ്ടെത്തലുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളിൽ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വലിയ ആശങ്കയിലാണ്. ഈ റിപ്പോർട്ട് മുസ്ലിം ജനസംഖ്യാ വർധനയെക്കുറിച്ച് ആശങ്ക പരത്താൻ ഉപയോഗിക്കുകയാണ്. അത്തരം വ്യാഖ്യാനങ്ങൾ കൃത്യമല്ലെന്ന് മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്.
65 വർഷത്തെ കാലയളവിൽ ആഗോളതലത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വിഹിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ റിപ്പോർട്ട് ഒരു സമുദായത്തിനെതിരായ ഭയമോ വിവേചനമോ സൃഷ്ടിക്കാൻ ഉപയോഗിക്കരുത്. മുസ്‌ലിം ജനസംഖ്യയിലെ വർധന ഉയർത്തിക്കാട്ടാൻ മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് ഡാറ്റകൾ തെരഞ്ഞെടുത്തതെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ പറഞ്ഞു.