"തന്നെ ധൃതിപ്പെട്ട് അയോഗ്യനാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം" ; ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ
ലക്ഷദ്വീപിന്റെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചു. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് മുഹമ്മദ് ഫൈസലിന്റെ അപ്പീൽ. തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങൾ ഉണ്ടെന്ന് മുഹമ്മദ് ഫൈസൽ ആരോപിച്ചു.
പത്ത് വർഷം ശിക്ഷിച്ച ഉത്തരവ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും വധശ്രമക്കേസിലെ ശിക്ഷാ വിധി കോടതി മരവിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോകസഭാ സെക്രട്ടറിയറ്റ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം മരിവിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിൻ്റെ അപ്പീൽ. ഫൈസലിന് വേണ്ടി സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.
തിങ്കളാഴ് ച കേസ് സുപ്രീം കോടതി പരിഗണിയ്ക്കും. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടമാകുന്നത്. മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി.