ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു; രാജി പിൻവലിച്ച് മന്ത്രി വിക്രമാദിത്യ, സർക്കാർ നിലനിർത്താൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം
ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ നിലനിര്‍ത്താൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പതിനഞ്ച് ബിജെപി എംഎല്‍എമാരെ സസ്പെൻന്‍ഡ് ചെയ്ത ശേഷം നിയമസഭയിൽ ബജറ്റ് പാസാക്കിയത് കോൺഗ്രസിന് താല്‍ക്കാലിക ആശ്വാസമായി. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെതിരെ കലാപമുയർത്തി മന്ത്രി വിക്രമാദിത്യസിങും രാജി പിൻവലിച്ചു. രാത്രിയോടെയാണ് രാജി പിന്‍വലിക്കുകയാണെന്ന് വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്. സർക്കാറിന് ഒരുതരത്തിലുമുള്ള ഭീഷണി ഇല്ലെന്ന് വിക്രമാദിത്യ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. വിശാലമായ താൽപര്യവും ഒത്തൊരുമയും കണക്കിലെടുത്താണ് രാജി പിന്‍വലിക്കാനുള്ള തീരുമാനമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. ഇതിനിടെ, നേതൃമാറ്റം വേണോയെന്നതിൽ എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് തേടിയിട്ടുണ്ട് . ഇതിനിടെ കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ തീരുമാനം പിന്നീടെന്ന് സ്പീക്കർ അറിയിച്ചു.
ഹിമാചല്‍പ്രദേശില്‍ രാജ്യസഭ വോട്ടെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി വിജയിച്ചിരുന്നു. സർക്കാരിനെ വീഴ്ത്താനുള്ള ബിജെപി നീക്കം ചെറുക്കാൻ എല്ലാ വഴിയും കോൺഗ്രസ് തേടുകയാണ്. ഭൂപേഷ് ബാഗേൽ, ഡികെ ശിവകുമാർ, ഭുപീന്ദർ സിംഗ് ഹൂഡ എന്നീ നിരീക്ഷകർ എംഎൽഎമാരെ കണ്ടു. കൂറുമാറിയ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഹരിയാനയിൽ നിന്ന് ഹെലികോപ്റ്ററിൽ ഇന്ന് സിംലയിൽ തിരിച്ചെത്തിയിരുന്നു. ആറ് എംഎൽഎമാർക്കും അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നല്കിയ സ്പീക്കർ ഇവരുടെ വാദം ഇന്ന് കേട്ടു.
ഇതിൽ ഒരൂ എംഎൽഎ മാപ്പ് പറഞ്ഞു എന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അവകാശപ്പെട്ടു. ബാക്കിയുള്ളവരെ അയോഗ്യരാക്കി സർക്കാർ നിലനിര്‍ത്താനുള്ള ശ്രമത്തിന് എന്നാൽ വീരഭദ്രസിംഗിന്‍റെയും പിസിസി അദ്ധ്യക്ഷ പ്രതിഭ സിംഗിൻറെയും മകൻ വിക്രാദിത്യ സിങ് ഉയർത്തിയ കലാപം തിരിച്ചടിയായിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് വിക്രമാദിത്യ സിങ് രാജി നല്കിയെങ്കിലും പിന്നീട് രാജി പിൻവലിച്ചത് പാർട്ടിക്ക് ആശ്വാസമായി. നിരീക്ഷകരുടെ റിപ്പോർട്ട് കിട്ടിയ ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും നേതൃമാറ്റം എംഎൽഎമാരുടെ നിലപാടിന് അനുസരിച്ച് ആലോചിക്കുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി.
താൻ രാജി നല്കിയെന്ന അഭ്യൂഹം സുഖ്വീന്ദർ സിങ് സുഖു തള്ളിക്കളഞ്ഞു. സർക്കാർ അഞ്ചു വർഷം തുടരും എന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. എംഎല്‍എമാരെ കൂട്ടത്തോടെ സസ്പന്‍ഡ് ചെയ്ത് ബജറ്റ് പാസാക്കിയാണ് നിയമസഭയിലെ പ്രതിസന്ധി തല്‍ക്കാലം കോൺഗ്രസ് മറികടന്നത്. ഇതിനെതിരെ ബിജെപി ഗവർണ്ണർക്ക് പരാതി നല്കി. അഞ്ച് വിമത എംഎൽഎമാരെ അയോഗ്യരാക്കിയാൽ 34ലേക്ക് കോൺഗ്രസ് സംഖ്യ ഇടിയും. ബിജെപിക്ക് സ്വതന്ത്രർ ഉൾപ്പടെ 28 പേരുടെ പിന്തുണയാണുള്ളത്. പത്ത് കോൺഗ്രസ് എംഎൽഎമാർ കൂടി പുറത്തേക്ക് വരും എന്നാണ് ബിജെപി അവകാശപ്പെടുന്നത്.