' അസമിലെ ക്രിസ്ത്യൻ പള്ളികളിൽ പൊലീസ് അതിക്രമിച്ച് കയറി വിവര ശേഖരണം നടത്തി ' ; പരാതിയുമായി ക്രിസ്ത്യൻ സംഘടന
അസമിൽ പൊലീസ് ഉദ്യോഗസ്ഥർ ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ച് കയറി വിവരങ്ങൾ ശേഖരിക്കുകയും ചാര പ്രവർത്തനം നടത്തുകയുമണെന്ന് ആരോപണം. കർബി ആംഗ്ലോങ് ജില്ലയിലാണ് സംഭവം. ഇത്തരം പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ദിഫുവിലെ യനൈറ്റഡ് ക്രിസ്ത്യൻ ഫോറം ജില്ലാ കമ്മീഷണർക്ക് നിവേദനം നൽകി. ഒരാഴ്ചയായി പൊലീസ് പള്ളികളുടെയും അതിന്റെ നേതൃത്വത്തിന്റെയും വിവരങ്ങൾ ശേഖരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു.
ദിഫു ടൗണിലെ പള്ളി വളപ്പിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറുകയായിരുന്നു. മുൻകൂട്ടി അറിയിക്കാതെയും ഔദ്യോഗിക നിർദേശങ്ങളില്ലാതെയും ഫോട്ടോ എടുക്കുകയും പള്ളികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളിൽ പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.
അതേസമയം, ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അസം പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി ജില്ലയിലെ എല്ലാ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ടെന്ന് കാർബി ആംഗ്ലോങ് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഫെബ്രുവരിയിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും മേധാവികളുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് അസം കാത്തലിക് എജ്യുക്കേഷണൽ ട്രസ്റ്റ് പൊലീസ് ഡയറക്ടർ ജനറലിന് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് എല്ലാ പൊലീസ് സൂപ്രണ്ടുമാർക്കും നിർദ്ദേശങ്ങൾ നൽകിയതെന്നും എസ്.പി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഉടനീളമുള്ള മിഷനറി സ്‌കൂളുകളുടെ പരിസരത്ത് നിന്ന് മതപരമായ ചിഹ്നങ്ങളും ചാപ്പലുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അസമിലെ തീവ്ര ഹിന്ദുത്വ സംഘടന പരസ്യ ഭീഷണി മുഴക്കിയിരുന്നു. വൈദികരോടും കന്യാസ്ത്രീകളോടും വിശുദ്ധ വസ്ത്രം ധരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ സ്ഥാപന മേധാവികളും മത അധ്യക്ഷൻമാരും പൊലീസിൽ പരാതി നൽകി. സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.