വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2023-08-28 08:56 GMT

വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെയാണു വികസനത്തിന്റെ പുതിയ ഉയരങ്ങൾ തേടാൻ ഉത്തർപ്രദേശിനു സാധിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. 51,000–ലേറെ ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് കൈമാറിയ റോസ്‌ഗർ മേളയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

''ചന്ദ്രയാൻ–3ന്റെ വിജയപശ്ചാത്തലത്തിൽ നടക്കുന്ന റോസ്ഗർ മേള അഭിമാനവും ആത്മവിശ്വാസവും പകരുന്നു. പുതുതായി നിയമിതരാകുന്നവർ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യണം. നിയമസംവിധാനം ശരിയായി നടന്നാൽ മാത്രമേ രാജ്യത്തു വികസനമുണ്ടാകൂ. ഇതിനുള്ള മികച്ച ഉദാഹരണമാണ് ഉത്തർപ്രദേശ്. നേരത്തേ, വികസനത്തിൽ പിന്നാക്കം നിൽക്കുകയും കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. 

നിയമപാലനം കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറി. ഇപ്പോൾ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കുകയാണു സംസ്ഥാനം. നേരത്തേയുണ്ടായിരുന്ന ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്നു സമൂഹം മുക്തരായി. ക്രമസമാധാനപാലനം ഇത്തരത്തിൽ നടപ്പാക്കുമ്പോൾ ജനങ്ങളിൽ വിശ്വാസം വർധിക്കും. യുപിയിൽ നിക്ഷേപം കൂടുകയും കുറ്റകൃത്യ നിരക്ക് കുറയുകയുമാണ്.''– മോദി വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണു മോദിയുടെ വാക്കുകളെന്നാണു വിലയിരുത്തൽ.

ഈ പതിറ്റാണ്ടിൽത്തന്നെ ലോകത്തെ ഏറ്റവും മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന പറഞ്ഞ പ്രധാനമന്ത്രി, പൂർണ ഉത്തരവാദിത്തയോടെയാണ് മോദി ഇത്തരം ഉറപ്പുകൾ നൽകുന്നതെന്നും വ്യക്തമാക്കി. രാജ്യത്തെ 45 ഇടങ്ങളിലായാണു റോസ്‌ഗർ മേള സംഘടിപ്പിച്ചത്. വിവിധ സായുധസേനകളിലെ തസ്തികകളിലേക്ക് ആഭ്യന്തര മന്ത്രാലയം പുതുതായി നിയമിച്ചവരുടെ ഉത്തരവുകളാണു ചടങ്ങിൽ കൈമാറിയതെന്നു സർക്കാർ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ മുസഫർനഗറിൽ ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെക്കൊണ്ട് രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക തല്ലിച്ച സംഭവം ചർച്ചയാകുന്ന പശ്ചാത്തലത്തിലാണു മോദിയുടെ പ്രശംസയെന്നതു ശ്രദ്ധേയമാണ്. വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം വിദ്യാർഥിയാണു ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്കൂൾ അടച്ചിടാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

Tags:    

Similar News