വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2024-03-06 06:49 GMT

കൊൽക്കത്ത മെട്രോയുടെ ഭാഗമായി, മെട്രോ ട്രെയിൻ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്നതിനായി നിർമിച്ചതാണ് അണ്ടർ വാട്ടർ മെട്രോ ടണൽ. ഹൂഗ്ലി നദിയിൽ നിർമിച്ച ടണലിന് 520 മീറ്റർ നീളമാണുള്ളത്. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി സ്കൂൾ വിദ്യാർഥികൾക്കൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്യുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടുന്നത്.


ഹൗറ മൈതാന്‍ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്ന അണ്ടര്‍വാട്ടര്‍ മെട്രോ പാത ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ദിവസേന ഏഴു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 16.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ 10.8 കി.മീ. ഭാഗം ഭൂമിക്കടിയിലൂടെയാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ 520 മീറ്റർ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്. വാർത്താ ഏജൻസിയിൽ വരുന്ന റിപ്പോർട്ട് പ്രകാരം, ഹൗറയേയും സാള്‍ട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ മെട്രോയ്ക്ക് ആറു സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം ഭൂമിക്ക് അടിയിലായിരിക്കും. നഗരത്തിലെ ട്രാഫിക് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പുതിയ പദ്ധതി വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News